Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Wednesday, October 6, 2010

ഇന്‍ക്രെഡിബിള്‍ ഇന്ത്യ !!!!!!!

ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നത്‌ അര്‍ഥമില്ലാത്ത പരസ്യവിശേഷണമല്ല. ജീവിതം പോലെതന്നെ പ്രവചനാതീതമാണ്‌ ഇവിടത്തെ കാര്യങ്ങള്‍. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടക്കില്ലെന്നാണു തലേന്നു വരെ കേട്ടത്‌. നടന്നപ്പോള്‍ അതു മഹാഭാരതീയമായി.

കല്‍മാഡിയെ ക്രൂശിക്കണമെന്ന്‌ ആക്രോശിച്ചവര്‍ അദ്ദേഹത്തെ സ്‌തുതിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നു. അന്ത്യവിധിക്കുവേണ്ടിയെന്ന പോലെയാണ്‌ അയോധ്യാവിധിക്കുവേണ്ടി എല്ലാവരും കാത്തിരുന്നത്‌. രാജ്യം നെടുകെ പിളരുമെന്നാണു സര്‍ക്കാരും മാധ്യമങ്ങളും പേടിപ്പിച്ചത്‌. പക്ഷേ എവിടെയും ഒന്നും സംഭവിച്ചില്ല. വിധിക്കുന്നവര്‍ വിധിക്കട്ടെ എന്ന നിസംഗതയായിരുന്നു ജനത്തിന്‌. അസാധ്യമായതൊന്നുമില്ലെന്ന്‌ ഒരാഴ്‌ചയ്‌ക്കകം രണ്ടു പ്രാവശ്യം നമ്മള്‍ തെളിയിച്ചു. ഇതാണിന്ത്യ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'.

വിവാദങ്ങളുടെ നാടാണിന്ത്യ. വര്‍ത്തമാനത്തിലൂടെ വിവാദങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തുകയെന്നതു നമ്മുടെ ദേശീയവിനോദമാണ്‌. അമര്‍ത്യാ സെന്‍ എഴുതിയ പുസ്‌തകത്തിന്റെ പേരുതന്നെ ദ ആര്‍ഗ്യുമെന്റേറ്റീവ്‌ ഇന്ത്യന്‍ എന്നാണ്‌. വിവാദം തുടങ്ങുന്നതും ഒടുങ്ങുന്നതും എങ്ങനെയെന്നറിയില്ല. തുടങ്ങുന്നതിനെല്ലാം അവസാനമുണ്ടെന്നതിനാല്‍ വിവാദങ്ങളും എപ്പോഴെങ്കിലും അവസാനിക്കുമെന്നു നമുക്കറിയാം.

ലോട്ടറിവിവാദം കത്തിപ്പടര്‍ന്ന വഴികള്‍ തോമസ്‌ ഐസക്കിനു പുസ്‌തകരൂപത്തില്‍ രേഖപ്പെടുത്തേണ്ടി വന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ യു.ഡി.എഫും. വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന രാഷ്‌ട്രീയചൂതാട്ടം തുറന്നുകാട്ടുന്ന പുസ്‌തകമെന്നാണു പ്രസാധകര്‍ അവകാശപ്പെടുന്നത്‌. ധനമന്ത്രിയുടെ അനൗദ്യോഗിക ധവളപത്രം. ലോട്ടറി ടിക്കറ്റ്‌ പോലെ പുസ്‌തകം വിറ്റു. ഒരു മാസത്തിനകം മൂന്നു പതിപ്പുകള്‍; ഇരുപതിനായിരം കോപ്പി. കാറ്റുള്ളപ്പോള്‍ പായ വിടര്‍ത്തണമെന്ന യാനതത്വം ഐസക്കിനറിയാം.

പൊടുന്നനെ കാറ്റിന്റെ ഗതി മാറി. വിവാദം ഏതു കടവിലെത്തുമെന്നു പറയാന്‍ കഴിയാത്ത അവസ്‌ഥയായി. ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടമെന്നാണ്‌ ഐസക്കിന്റെ പുസ്‌തകത്തിന്റെ പേര്‌. ചൂതില്‍ എല്ലാം പോയവരെപ്പോലെയാണു കോണ്‍ഗ്രസുകാര്‍ വിലപിക്കുന്നത്‌. ലോട്ടറിയടിച്ചുവെന്നു തെറ്റിധരിപ്പിക്കപ്പെട്ട ഇന്നസെന്റിനെപ്പോലെയായിരുന്നു ചെന്നിത്തലയും ചാണ്ടിയും ഐസക്കിനെതിരേ അമ്പരപ്പിക്കുന്ന ആക്രമണം നടത്തിയത്‌. എന്തൊരു കിലുക്കമായിരുന്നു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ലോട്ടറി വിവാദത്തിനുള്ള വേദിയാക്കാന്‍ തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെയാണ്‌ അടിച്ചുവെന്നു കേട്ടതു ബമ്പര്‍ ആയിരുന്നില്ലെന്ന തിരിച്ചറിവു കോണ്‍ഗ്രസുകാര്‍ക്കുണ്ടായത്‌. അതോടെ തോമസ്‌ ഐസക്കിനു നാലാം പതിപ്പിനുള്ള സാധ്യതയും കോണ്‍ഗ്രസുകാര്‍ക്കു നാലു വോട്ടിനുള്ള പ്രതീക്ഷയും ഇല്ലാതായി.

അഭിഷേക്‌ സിംഗ്‌വിയുടെ വരവാണു കാര്യമാകെ കുഴപ്പത്തിലാക്കിയത്‌. ഡല്‍ഹിയില്‍നിന്ന്‌ ഒരേ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇത്ര അപകടം പിടിച്ച പണിക്കാണു സിംഗ്‌വി കേരളത്തിലേക്കു വരുന്നതെന്നു രമേശ്‌ ചെന്നിത്തലയും പി.ടി. തോമസും അറിഞ്ഞിരുന്നില്ല. അറിഞ്ഞിട്ടും കാര്യമില്ല. കാരണം ഫീസ്‌ വാങ്ങിയ വക്കീല്‍ വാദിക്കാനാണു വരുന്നത്‌. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ വാദിച്ചതോടെ കോണ്‍ഗ്രസുകാര്‍ ശ്രമപ്പെട്ടു പടുത്തുയര്‍ത്തിയതു കേവലം ചീട്ടുകൊട്ടാരമായിരുന്നുവെന്നു ജനങ്ങള്‍ക്കു മനസിലായി.

അനാവശ്യമായ ആക്ഷേപത്തിനു കിട്ടുന്ന സ്വാഭാവികമായ തിരിച്ചടിയാണിത്‌. ലോട്ടറി മാഫിയയ്‌ക്കുവേണ്ടി ആദ്യം ഹാജരായിരുന്നതു പി. ചിദംബരമാണ്‌. അദ്ദേഹം ധനമന്ത്രിയായപ്പോള്‍ സ്വന്തം കക്ഷിക്കുവേണ്ടി നിയമത്തില്‍ ഭേദഗതി വരുത്തി. വക്കാലത്ത്‌ ഭാര്യയുടെ പേരിലാക്കി. കോടതിയില്‍ നേടാന്‍ കഴിയാതിരുന്നത്‌ ധനമന്ത്രാലയത്തില്‍നിന്ന്‌ അവര്‍ അനായാസം നേടി. രാഷ്‌ട്രീയസദാചാരത്തിനു നിരക്കാത്ത കാര്യങ്ങളാണു ലോട്ടറി മാഫിയയുമായുള്ള വേഴ്‌ചയില്‍ ചിദംബരം ചെയ്‌തിട്ടുള്ളത്‌.

സിംഗ്‌വിയെ കിട്ടുന്നതിന്‌ ഐസക്കിന്റെ സഹായം മാര്‍ട്ടിനു വേണ്ട. കാശ്‌ കിട്ടിയാല്‍ ഏതു കേസും വാദിക്കുന്നയാളാണു സിംഗ്‌വി. യൂണിയന്‍ കാര്‍ബൈഡിനുവേണ്ടി കോടതിയിലും ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കുവേണ്ടി ഏ.ഐ.സി.സി. ആസ്‌ഥാനത്തും വാദിക്കുന്നയാളാണ്‌ അദ്ദേഹം. അതുകൊണ്ട്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌ അസൗകര്യമാകുമോ എന്ന ആലോചന ഫീസ്‌ വാങ്ങുമ്പോള്‍ അദ്ദേഹത്തെ അലട്ടിയിട്ടുണ്ടാവില്ല. കോടതി കഴിഞ്ഞ്‌ ഏതെങ്കിലും പൊതുയോഗത്തില്‍ ലോട്ടറിക്കെതിരേ പ്രസംഗിക്കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹം അതും ചെയ്യുമായിരുന്നു.

സിംഗ്‌വിയുടെ വരവിലെ വകതിരിവില്ലായ്‌മ ജനത്തിനു ബോധ്യമായത്‌ കോണ്‍ഗ്രസുകാരുടെ വിലാപവും പ്രതിഷേധവും കേട്ടപ്പോഴാണ്‌. വക്കീല്‍ വക്കീലിന്റെ പണി ചെയ്‌തു എന്ന മട്ടില്‍ കാര്യത്തെ അവര്‍ നിസാരമായി കണ്ടിരുന്നുവെങ്കില്‍ തോമസ്‌ ഐസക്കിനു പണി കൂടുമായിരുന്നു. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എം.പിയാണു പി.ടി. തോമസ്‌. അദ്ദേഹത്തിനു രാജ്യസഭാംഗവും എ.ഐ.സി.സി. വക്‌താവുമായ സിംഗ്‌വിയെ പരിചയമില്ലെന്ന നാട്യം കാര്‍ട്ടൂണിസ്‌റ്റുകള്‍ക്കു രസകരമായ വിഷയമായി. പതറുമ്പോള്‍ പലതും പറയും. യുക്‌തിഭംഗം നിലപാടുകളിലെ വിശ്വസനീയത ഇല്ലാതാക്കും.

പരിണതപ്രജ്‌ഞനായ സിംഗ്‌വി പലതും പറഞ്ഞു കാര്യങ്ങള്‍ വഷളാക്കി. ഭൂട്ടാന്‍ ഗവണ്‍മെന്റിനുവേണ്ടിയാണു താന്‍ കോടതിയില്‍ ഹാജരായതെന്ന സിംഗ്‌വിയുടെ പ്രസ്‌താവന ഔദ്യോഗികമായി നിഷേധിക്കപ്പെട്ടു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ സിംഗ്‌വി കക്ഷിയുമായി നേരിട്ട്‌ ബന്ധപ്പെട്ടല്ല കോടതിയിലെത്തുന്നത്‌. കക്ഷിയുടെ അഭിഭാഷകനാണു കേസ്‌ വാദിക്കുന്നതിനുവേണ്ടി സീനിയര്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നത്‌. അത്‌ ഒരു തരം അഡ്‌ഹോക്‌ ഏര്‍പ്പാടാണ്‌.

ദിവസക്കൂലിക്കാരാണു സീനിയര്‍ അഭിഭാഷകര്‍. അവര്‍ക്കു വക്കാലത്തില്ല. ഇല്ലാത്ത വക്കാലത്ത്‌ സിംഗ്‌വി ഉപേക്ഷിച്ചുവെന്നാണു കോണ്‍ഗ്രസുകാര്‍ സമാശ്വാസമായി പറഞ്ഞത്‌. കാശ്‌ വാങ്ങി അദ്ദേഹം കോടതിയിലെത്തി; വാദം പൂര്‍ത്തിയാക്കി മടങ്ങി. വാദിച്ചതു ജഡ്‌ജിയുടെ മനസിലും നോട്ട്‌ബുക്കിലുമുണ്ട്‌. അതു പിന്‍വലിക്കാന്‍ സിംഗ്‌വിക്കാവില്ല.

അഭിഷേക്‌ സിംഗ്‌വിയും ഞാനും സഹപാഠികളാണ്‌. അമേരിക്കയിലെ യേല്‍ സര്‍വകലാകാലയില്‍ നടന്ന പാര്‍ലമെന്ററി ലീഡര്‍ഷിപ്‌ പ്രോഗ്രാമിലാണു ഞങ്ങള്‍ ഒരുമിച്ച്‌ പങ്കെടുത്തത്‌. ഒരാഴ്‌ച ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആ ദിവസങ്ങളുടെ ഓര്‍മ പുതുക്കാന്‍ ഈയിടെ ഞങ്ങള്‍ കുറേ പേര്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഒത്തുകൂടി. ഈ പരിചയത്തില്‍നിന്ന്‌ ഒരു കാര്യം എനിക്കറിയാം 'ഈ രാജസ്‌ഥാനി ജിനന്‍ മദ്യപിക്കുകയോ മാംസം കഴിക്കുകയോ ചെയ്യില്ല'. പക്ഷേ ഹോട്ടല്‍ ബില്ലിന്റെ അടിസ്‌ഥാനത്തില്‍ പത്രങ്ങളും കാര്‍ട്ടൂണിസ്‌റ്റുകളും ചേര്‍ന്ന്‌ അദ്ദേഹത്തെ നല്ല മദ്യപാനിയാക്കി. നല്ല ആതിഥേയര്‍ക്ക്‌ ഇങ്ങനെയും ചില അബദ്ധങ്ങള്‍ സംഭവിക്കും.

താത്‌പര്യങ്ങളുടെ ഇടര്‍ച്ച ഒഴിവാക്കുന്നതിനു ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. സര്‍ക്കാരിന്റെ ആനുകൂല്യം സ്വീകരിക്കുന്ന പദവികള്‍ ജനപ്രതിനിധികള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നത്‌ ഇക്കാരണത്താലാണ്‌. കോണ്‍ഗ്രസിന്റെ ഔദ്യോഗികവക്‌താവായ സിംഗ്‌വി നിയന്ത്രണരേഖ ഭേദിച്ചു.

ലോട്ടറിയെക്കുറിച്ച്‌ കോണ്‍ഗ്രസിന്റെ നിലപാട്‌ വ്യക്‌തമാക്കേണ്ടതായ സാഹചര്യമുണ്ടായാല്‍ സിംഗ്‌വി എന്തു ചെയ്യും? ഒരു പക്ഷേ, തോമസ്‌ ഐസക്‌ ആരോപിക്കുന്നതുപോലെ, ലോട്ടറി മാഫിയയോടുള്ള കോണ്‍ഗ്രസിന്റെയും സിംഗ്‌വിയുടെയും നിലപാട്‌ ഒന്നുതന്നെ ആയിരിക്കാം. ഏതായാലും പ്രചാരണമധ്യേ ഇപ്രകാരം പാലം വലിച്ച്‌ സിംഗ്‌വി കോണ്‍ഗ്രസുകാരെ വെള്ളത്തിലാക്കരുതായിരുന്നു.

ലേഖകൻ: സെബാസ്റ്റ്യൻ പോൾ
മംഗളം ദിനപ്പത്രത്തിലെ പ്രഥമദ്രുഷ്ട്യാ പംക്തി

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails